Monday, July 31, 2006
Saturday, July 29, 2006
എന്റെ നീലാകാശം
ഒരിത്തിരി പരിഭ്രമം ഉള്ളതുപോലെ അല്പം ചിലമ്പിച്ച,എന്നാല്‍ വ്യക്തതയുള്ള ഒരു യുവാവിന്റെ ശബ്ദമാണു ഫോണിന്റെ അങ്ങേതലയ്ക്കല്‍ നിന്നും ഞാന്‍ കേട്ടത്.ആവശ്യം ലളിതം." പി.സുശീല പാടിയ എന്റെ നീലകാശം നിറയെ.." എന്ന ഗാനം കേള്‍ക്കണം.ഓഫീസിലെ തിരക്കുകളില്‍ ഇരിക്കുമ്പോഴാണു അവന്റെ കാള്‍ എത്തിയത്.ശബ്ദത്തിന്റെ ആകര്‍ഷണീയത കൊണ്ടോ,ആരും അങ്ങനെ ആവശ്യപ്പെടാത്ത ഒരു ഗാനത്തിനെപ്പറ്റി കേട്ടതുകൊണ്ടോ എന്തോ അവനോട് കൂടുതല്‍ സംസാരിക്കന്‍ എനിക്കു തോന്നി.സിനാജ്.അതായിരുന്നു അവന്റെ പേര്. ഡിഗ്രി ഒന്നാംവര്‍ഷത്തിനു പഠിയ്ക്കുന്നു. ദുബായ് കരാമയില്‍ താമസം.അമ്മയും അനുജത്തിയും ഒപ്പമുണ്ട്.അച്ഛന് ചെറുപ്പത്തിലേ മരിച്ചുപോയി.ഒട്ടും മറയില്ലാത്ത സംസാരവും സ്നേഹത്തോടെയുള്ള " ചേട്ടാ " എന്ന വിളിയും എന്നെ സിനാജിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചു.പാട്ടുകളെക്കുറിച്ചും,പാടാനുള്ള താല്‍പര്യത്തെക്കുറിച്ചുമെല്ലാം സിനാജ് എന്നോടു സംസാരിച്ചു.ആ വെറും അഞ്ചു മിനിട്ടുകൊണ്ട് സിനാജ് എന്റെയുള്ളില്‍ ഇടം നേടിയെടുത്തു എന്നതാണു സത്യം.ഫോണ്‍ വയ്ക്കുന്നതിനു മുന്‍പ് മൊബെയില്‍ നമ്പരുകള്‍ ഞങ്ങള്‍ കൈമാറി. തൊട്ടടുത്ത ഏതെങ്കിലും ദിവസം " എന്റെ നീലകാശം "റേഡിയോയില്‍ പ്രക്ഷേപണം ചെയ്യാം എന്ന ഉറപ്പിലാണു ഞങ്ങളുടെ സംസാരം അവസാനിച്ചത്.ആപാട്ടിനായി ലൈബ്രറിയില്‍ തിരഞ്ഞപ്പോള്‍ പക്ഷെ നിരാശയായിരുന്നു ഫലം.ആ ഗാനം ഞങ്ങളുടെശേഖരത്തില് ഇല്ല.സിനാജിനെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ അവനു ഒട്ടും നിരാശയില്ലായിരുന്നു. മറിച്ച് സന്തോഷമായിരുന്നു."ഒരു പാട്ടിന്റെ കാര്യത്തിനാണെങ്കിലും ചേട്ടന് എന്നെ വിളിച്ചല്ലോ".ഇതായിരുന്നു സന്തോഷത്തിനു കാരണം.ആ സമയം അവധിക്ക് നാട്ടിലേയ്ക്കു പോകാനുള്ള തിരക്കിലായിരുന്നു ഞാന്‍.അവതരിപ്പിക്കുന്ന പരിപാടികള്‍ 30 ദിവസത്തേയ്ക്കുള്ളത് അഡ്വാന്‍സായി റെക്കോഡ് ചെയ്യണം.അതില്‍ പ്രധാനപ്പെട്ട ഒരു പ്രോഗ്രാമാണു 'സരിഗമ'.അതില്‍ സിനാജിനെ ഞാന്‍ പങ്കെടുപ്പിച്ചു.അവന് നന്നായി പാടി സമ്മാനവും നേടി. ഞാന്‍ നാട്ടിലേയ്ക്കുപോയിക്കഴിഞ്ഞുള്ള മൂന്നാമത്തെ ആഴ്ചയിലേയ്ക്കായിരുന്നു ആ എപ്പിസോഡ് പ്ലാന്‍ ചെയ്തിരുന്നത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി എനിക്ക് തിരക്കോടുതിരക്ക്. ഇതിനിടയില്‍ സിനാജിനെ നേരില്‍ കാണണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല.ഇതിനോടകം തന്നെ റേഡിയോ ഏഷ്യയിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും സിനാജ് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു. ഞാന്‍ നാട്ടിലേയ്ക്കു തിരിയ്ക്കുന്ന ദിവസം വൈകിട്ട് സിനാജ് എന്നെ വിളിച്ചു. "ചേട്ടാ സുഖമായി പോയിട്ട് വരൂ..എല്ലാവരെയും അന്വേഷണം അറിയിക്കാന്‍ മറക്കരുത്"" ഒ.കെ മോനെ. നിനക്കുവേണ്ടി 'എന്റെ നീലാകാശം' നാട്ടില്‍ നിന്നും കൊണ്ടു വരാം. ഞാന്‍ നിന്നെ കാണാന്‍ വരുന്നത് ആ പാട്ടുമായിട്ടായിരിക്കും". വീണ്ടും യാത്രാ മംഗളങ്ങള്‍ പറഞ്ഞ് അവന് ഫോണ്‍ വച്ചു.ഞാന്‍ നാട്ടിലെത്തി.വീട്ടുകാരോടും സുഹൃത്തുക്കളോടും ഒപ്പമുള്ള സന്തോഷകരമായ ദിവസങ്ങള്‍. ഇതിനിടയിലൊരുദിവസം ചുറ്റാനിറങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പ്രശസ്തമായ കാസെറ്റ് കട ലൈറ്റ് ഹൌസില്കയറി 'എന്റെ നീലാകാശം' തപ്പി. അവിടെയും നിരാശ.ഗാനം ഇല്ല.അവസാനം പി.സുശീലയുടെ ഗാനങ്ങള്‍ അടങ്ങിയ രണ്ടു കാസറ്റ് ഞാന്‍ തിരഞ്ഞെടുത്ത് സിനാജിനായി മാറ്റിവച്ചു.ദുബായിലേയ്ക്കു മടങ്ങി വരുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ഞാന്‍ പുട്ടപര്‍ത്തിയില്‍ സത്യസായിബാബ ദര്‍ശനത്തിനു പോയി. ദര്‍ശനം കഴിഞ്ഞ് പ്രശാന്തി നിലയത്തിന്റെ പുറത്തെത്തിയപ്പോള്‍ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടു. വെറുതെ ഓഫീസിലേയ്ക്ക് വിളിക്കാമെന്നു കരുതി.വിളിച്ചു. അവിടെ എന്നെ കാത്തിരുന്നത് വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു." സിനാജ് മരണമടഞ്ഞു ".ഒരു സുഹൃത്തിന്റെ വീട്ടിലെ ചവിട്ടുപടിയില്‍ തട്ടിമറിഞ്ഞുവീണു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന സിനാജ് രണ്ടു ദിവസം മുന്‍പ് മരണമടഞ്ഞു. ആശുപത്രിക്കിടക്കയില്‍ കിടന്നു താന്‍ പങ്കെടുത്ത സരിഗമ കേട്ടതിനുപിറ്റേദിവസമായിരുന്നു മരണം.ആവാര്‍ത്തയുടെ നടുക്കം യാത്രയിലുടനീളം എന്നെ വിട്ടു മാറിയില്ല. സിനാജിനായി വാങ്ങിയ പി.സുശീലയുടെ പാട്ടുകള്‍ മന:പ്പൂര്‍വം ഞാന്‍ വീട്ടില്‍നിന്നും എടുത്തില്ല.അവധി കഴിഞ്ഞു തിരിച്ച് ദുബായ് ഓഫീസില്‍ എത്തിയ എന്നെ കാത്ത് ഒരു കത്ത് കിടപ്പുണ്ടായിരുന്നു. സിനാജിന്റെ അനുജത്തി എഴുതിയ ഒരു കത്ത്.പരിക്കു പറ്റി ആശുപത്രിയിലായിരുന്ന സമയത്തും അവനു ബോധമുണ്ടായിരുന്നു.സംസാരത്തിലെപ്പോഴും ഞങ്ങള്‍ റേഡിയോ ഏഷ്യക്കാരെപ്പറ്റി അവന് പറയാറുണ്ടായിരുന്നു. സിനാജിന്റെ മരണത്തോടെ കൂടുതല്‍ തകര്‍ന്നുപോയ അവര്‍, അമ്മയും അനുജത്തിയും, ഇംഗ്ലണ്ടില്‍ അമ്മാവന്റെടുത്തേയ്ക്കു പോയി.ഈ വിവരങ്ങളൊക്കെ അടങ്ങിയതായിരുന്നു ആ കത്ത്.പ്രിയ വായനക്കാരാ. താങ്കള്‍ ഒരുപക്ഷെ ചിന്തിക്കുന്നുണ്ടാകാം " എന്റെ നീലാകാശം നിറയെ " എന്ന ഗാനത്തിനു എന്താണു ഇത്ര പ്രത്യേകത എന്ന്.ഉണ്ട്.പ്രത്യേകത ഉണ്ട്.സിനാജിനെ സംബന്ധിച്ച് പ്രത്യേകത ഉണ്ട്.. കാരണം അവനു നീലാകാശവും മേഘങ്ങളുമെല്ലാം സങ്കല്‍പ്പിക്കാനേ കഴിയുമായിരിന്നുള്ളൂ..അതെ.. അവന് അന്ധനായിരുന്നു...
Monday, July 24, 2006
Monday, July 17, 2006
ഭ്രാന്തന് ചിന്ത.

രാവിലെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നോക്കിയ ഞാന്‍ ഞെട്ടി. കാണാനില്ല.എവിടെപ്പോയി.ഇന്നലെയും അവിടെത്തന്നെ ഉണ്ടായിരുന്നതാണല്ലോ..ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും ഒക്കെ നോക്കി.ഇല്ല കാണുന്നില്ല.. എവിടെയോ കളഞ്ഞുപോയിരിക്കുന്നു.
എവിടെ വച്ചാ എനിക്കു കൈമോശം വന്നത്.ഓര്‍ത്തുനോക്കി.കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു..യെസ്.കിട്ടി.
ഇന്നലെ കോഫി ഹൌസില്‍ വച്ച് അവളുടെ പ്രണയം സ്വീകരിച്ചപ്പോള്‍ എനിക്കു നഷ്ടപ്പെട്ടത് അതായിരുന്നല്ലോ.." എന്റെ മുഖം ".