Tuesday, October 31, 2006

യു. എ. ഇ.യോട് വിട !

യു.എ.ഇ.യിലെ പ്രിയ ബൂലോഗരേ.
ഞാന്‍ ഒരു പറിച്ചുനടലിന് വിധേയനാകുകയാണ്.എട്ടുവര്‍ഷത്തിലേറെയായ പ്രവാസ ജീവിതത്തിന് അവസാനമാകുന്നു.ഈ വരുന്ന നവംബര്‍ 22ന് ഞാന്‍ കേരളത്തിലേയ്ക്കു മടങ്ങുന്നു.സമരങ്ങളും,ഹര്‍ത്താലും,അമ്പലമണിയും,തുറക്കുമ്പോള്‍ കാറ്റൂതുന്ന ‘ടാപ്പും’,ഓട്ടോയുടെ കുടുക്കവും,റോഡിലെ ഗട്ടറും,പവര്‍കട്ടും എല്ലാം എനിക്കു തിരിച്ചുകിട്ടുന്നു.
നട്ടിലേയ്ക്കു പോകുന്ന സന്തോഷം ഒരുവശത്തുണ്ടെങ്കിലും പ്രിയപ്പെട്ട ഒരുപാടു കൂട്ടുകാരെ പിരിയുന്ന വിഷമം നല്ലതുപോലെയുണ്ട്.ശബ്ദത്തിലൂടെ മാത്രമുള്ള പരിചയമാണ് പലരോടുമുള്ളത് എങ്കിലും ശക്തമാണ് ആബന്ധങ്ങള്‍. “ഒന്ന് നഷ്ടപ്പെടുത്താതെ മറ്റൊന്ന് നേടാന്‍ കഴിയില്ല” എന്ന സത്യം മനസ്സിലാക്കുന്നു.എങ്കിലും മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍.
ഈ ബൂലോഗത്തില്‍ എനിക്ക് കിട്ടിയ സ്നേഹത്തിന് റേഡിയോ തന്നെയാണ് ഒരു കാരണം എന്ന് എനിക്ക് നന്നായി അറിയാം.നാട്ടിലായാലും റേഡിയോ തന്നെയാണ് എന്റെ മാദ്ധ്യമം.കൂടുതല്‍ വിശേഷങ്ങള്‍ നാട്ടില്‍ ചെന്നിട്ട് അറിയിക്കാം.
യു.എ.യി. മീറ്റിന് എല്ലവരേയും കാണാമെന്ന വിശ്വാസത്തോടെ,
നിങ്ങളുടെ സ്വന്തം ‘ചതിക്കാത്ത’ ചന്തു.


Monday, October 23, 2006

അച്ഛന്‍ കഥകള്‍.‘എപ്പിഡോസ്‘-1ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയാന്‍ മിടുക്കനാണ് അച്ഛന്‍.( അതങ്ങനെയല്ലേ വരൂ.ആരുടെയാ അച്ഛന്‍!)

പുതിയ കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ വാങ്ങിയ സമയം.എന്നേം ചേച്ചിയേയും അതിന്റെ ഏഴയലത്ത് അടുപ്പിക്കാതെ ‘തണലില്‍ വച്ചാല്‍ തേങ്ങാവീഴും പോര്‍ച്ചില്‍ വച്ചാല്‍ പൂച്ച മാന്തും’ എന്ന രീതിയില്‍ ആ വണ്ടി കൊണ്ടു നടക്കുന്ന സമയം.ഈ ശകടത്തേല്‍ ഒന്നു ചുറ്റാനുള്ള അനുവാദത്തിനായി അച്ഛനെ സോപ്പിടാനുള്ള അടവുകളായ ‘കാലുതിരുമ്മല്‍ മുതുകു മാന്തല്‍’ തുടങ്ങിയ സ്നേഹ പ്രകടനങ്ങളൊക്കെ ഞാന്‍ നടത്തുന്നുണ്ട്. എവിടെ ! എന്റെ കയ്യില്‍ തഴമ്പ് വീണതു മിച്ചം.അച്ഛന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

അങ്ങിനെ ഇരിയ്ക്കെ ഒരു ദിവസം രാവിലെ ചേച്ചി ഒരു പ്രഖ്യാപനം നടത്തി. “ അച്ഛാ.. ഞാന്‍ ഇന്നു കോളേജില്‍ പോകുന്നത് കൈനെറ്റിക്കില്‍ ആയിരിക്കും”.അച്ഛന്റെ മറുപടിയും പെട്ടന്നായിരുന്നു. “അതെ എന്റെ മകള്‍ ഇന്നു കോളേജില്‍ പോകുന്നത് കൈ നെറ്റിയ്ക്ക്വച്ചായിരിക്കും”.!!!

Saturday, October 14, 2006

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ...പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘വെട്ടം’
ഗാനരചന:ബി.ആര്‍.പ്രസാദ്, സംഗീതം: ബേര്‍ണി ഇഗ്നേഷ്യസ്.
ഈ ഗാനം ഞാന്‍ പാടിയപ്പോള്‍ !!


powered by ODEO


Sunday, October 08, 2006

ആട് പെടുന്ന പാട് !


കുമാര്‍ജിയുടെ ആട് പടം കണ്ടപ്പോ എനിക്കും ഒരു പൂതി തോന്നി.അങ്ങിനെ കിട്ടിയതാണീ ആടുകളെ.മൊബൈല്‍ക്യാമറയില്‍ എടുത്തതുകൊണ്ട് ‘മിഴിവ്’ കുറവായിരിക്കും.അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.

Sunday, October 01, 2006

ചട്ടീം കലോം !

“ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീം ഇരിക്കും” ഇത് പഴമൊഴി
ഇതിനൊരു ചെറിയ മാറ്റമായാലോ ?
ചട്ടിയാകുമ്പോ തട്ടാം പക്ഷെ പൊട്ടിയ്ക്കരുത് !
കലമാകുമ്പോ മുട്ടാം പക്ഷെ പോറലേല്‍പ്പിക്കരുത് !