Tuesday, January 09, 2007

അച്ഛന്‍ കഥകള്‍‌‌-ഭാഗം-2

ഞാന്‍ യു.എ.ഇ-യില്‍ റേഡിയോയില്‍ എത്തിയ സമയം.കൃത്യമായിപറഞ്ഞാല്‍ 1998 കാലഘട്ടം.പരിപാടികള്‍ അവതരിപ്പിച്ച്‌ തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ ദൈവാനുഗ്രഹം കൊണ്ട്‌ ശ്രോതാക്കളുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞു.അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ ഓഫീസില്‍ എത്തിയ എന്നെ കാത്ത്‌ ഒരു കത്ത്‌ മേശയില്‍ കുത്തിയിരിക്കുന്നു.കുത്തിയിരിക്കുന്ന കത്തിനെ പൊട്ടിച്ചു വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.ഒരുഗ്രന്‍ പ്രണയലേഖനം.എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ഒന്നുകൂടി നോക്കി.അതെ അതൊരു പ്രണയലേഖനം തന്നെ.സ്വാഭാവികമായും അടുത്ത 'ലുക്ക്‌' ഫ്രം അഡ്രസ്സിലേയ്ക്കു പാളി.അവിടെ പേരിനു പകരം രണ്ട്‌ കണ്ണുകളുടെപടം.ആരാധിക പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നു ചുരുക്കം.അപ്പോഴേയ്ക്കും എന്റെ ചുറ്റും സഹപ്രവര്‍ത്തകര്‍ കൂടിയിരുന്നു.സാധാരണ ഓഫീസില്‍ എത്തിയാല്‍ ഉടന്‍ ബഹളം തുടങ്ങുന്ന ഞാന്‍ അന്ന് ' സൈ ലന്റ്‌'ആയതിന്റെ കാരണം തേടിവന്ന അവര്‍ കണ്ടത്‌ ടോം ആന്‍ഡ്‌ ജെറിയില്‍ കാമുകിപ്പൂച്ചയെ കാണുമ്പോള്‍ കണ്ട്രോള്‍ വിട്ടു നില്‍ക്കുന്ന ടോം പൂച്ചയെപ്പോലെ നില്‍ക്കുന്ന എന്നെയാണ്‌.ഞൊടിയിടയില്‍ ആ പ്രേമലേഖനം അവരുടെ കൈകളില്‍ എത്തി.പിന്നെ അവരുടെ ഭാവനയില്‍ ഈ പെണ്‍കുട്ടിയെ വര്‍ണിക്കാന്‍ തുടങ്ങി.എനിക്കു സഹിക്കുമോ ? ഒന്നുമില്ലെങ്കിലും എനിക്ക്‌ പ്രണയലേഖനം എഴുതിയ കുട്ടിയല്ലേ !എന്നിലെ പുരുഷസിംഹം ഏതാണ്ടൊക്കെ കുടഞ്ഞെഴുന്നേറ്റു.പിന്നെ നടന്നതൊരു പോരാട്ടം.അതിനൊടുവില്‍ കീറിപ്പറിഞ്ഞിട്ടാണെങ്കിലും ആ പേപ്പര്‍ കഷണം എന്റെ കയ്യില്‍ കിട്ടി.ഹോ.എന്തായിരുന്നു ആശ്വാസം !പിന്നെ ഇത്തരം കത്തുകള്‍ ആഴ്ച്ചയില്‍ മൂന്ന് എന്ന രീതിയില്‍ വരാന്‍ തുടങ്ങി.അന്നു വരെ പ്രേമത്തിനെതിരായിരുന്ന ഞാന്‍ ചക്കയരക്കില്‍ ഈച്ച എന്നപോലെ ഈകത്തുകളില്‍ ഒട്ടാന്‍ തുടങ്ങി."ഇന്നലെ വാരെ ഞാന്‍ വറതം (വ്രതം) നോട്ടിരുന്നത്‌ എന്റെ നമ്മയ്ക്കു തന്നെയായിരുന്നു.എന്നാല്‍ ഇപ്പോള്‍ എന്റെ വറതങ്ങളെല്ലാം എന്റെ ചന്തുവിനു വേണ്ടിയാ.." എന്ന് അറിയുന്ന മലയാളത്തില്‍ കഷടപ്പെട്ട്‌ ആകൊച്ച്‌ എഴുതുമ്പോള്‍ ഞാന്‍ ഒട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസംവീട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍ വന്നു.വീട്ടില്‍ നിന്നാണെന്നു കണ്ടതും എന്റെ ഒരുസഹപ്രവര്‍ത്തക ചാടിവീണ്‌ ഫോണ്‍ കൈയ്ക്കലാക്കി.എനിക്ക്‌ ഒരു ഗ്യാപ്‌ കിട്ടുന്നതിനുമുന്‍പ്‌ തന്നെ എന്റെ പ്രേമലേഖനക്കഥ മുഴുവന്‍ അമ്മയോട്‌ വിളമ്പി.എന്നിട്ട്‌ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തുകൊണ്ട്‌ ഫോണ്‍ എന്റെ കയ്യിലേയ്ക്ക്‌ തന്നു.സത്യം പറഞ്ഞാല്‍ അന്ന് യു.എ.യില്‍ ഓടുന്ന എല്ല വണ്ടികളോടും എനിക്ക്‌ ദേഷ്യം തോന്നി.'വെറുതേ ഓടുന്ന വഴിക്ക്‌ ഈ സഹയുടെ പുറത്തുകൂടി ഓടിയിരുന്നെങ്കില്‍ എനിക്ക്‌ ഇങ്ങനെ ഒരു പാര വരില്ലായിരുന്നല്ലോ.' എന്തായാലും ഞാന്‍ ഫോണ്‍ എടുത്തു.അമ്മയ്ക്ക്‌ ഭയങ്കര ഗൗരവം."ദേ അച്ഛനു കൊടുക്കാം" എന്നുപറഞ്ഞ്‌ ഫോണ്‍ അച്ഛനു കൈമാറി.അച്ഛനോട്‌ ഞാന്‍ മൊഴിഞ്ഞു."അച്ഛാ മിക്കവാറും മകന്‍ കൈവിട്ട്‌ പോകും.ദേ സ്ഥിരമായി പ്രേമലേഖനമൊക്കെ വരുന്നുണ്ട്‌".പക്ഷെ ഈ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടിട്ടിട്ടും അച്ഛനില്‍ ഭാവഭേദമൊന്നും കണ്ടില്ല."എടാ ഇപ്രാവിശ്യമെങ്കിലും നിന്റെ വണ്ടിയുടേയും ഇന്‍ഷുറന്‍സിന്റേയും കാശയച്ചുതരണം.രണ്ടുമൂന്നു മാസമായി നീ എന്നെ പറ്റിക്കുന്നു." അച്ഛന്‍ കാശില്‍ പിടുത്തമിട്ടു.ഞാന്‍ വിടുമോ! കാശിന്റെ കാര്യം അച്ഛന്‍ ചോദിക്കുകയും ചെയ്യരുത്‌ പ്രേമലേഖനത്തിന്റെ കാര്യം അറിയിക്കുകയും വേണം.വീണ്ടും ഞാന്‍ എടുത്തുചോദിച്ചു. "അല്ലച്ഛാ എനിക്ക്‌ സ്ഥിരമായി ഒരു കുട്ടി പ്രേമലേഖനം അയയ്ക്കുന്നു.ഞാന്‍ എന്തുചെയ്യണം? അച്ഛന്റെ മറുപടിയും പെട്ടന്നായിരുന്നു. "ഓ..അതിനു നീ ഒന്നും ചെയ്യണമെന്നില്ല.നിന്നെ ഒന്ന് നേരിട്ടു കാണുമ്പോള്‍ അതു താനേ നിന്നോളും"..
തൊട്ടു മുന്നിലിരുന്ന കണ്ണാടിയില്‍ അപ്പോള്‍ ഞാന്‍ കണ്ട പ്രതിബിംബത്തിന്‌'ഇഞ്ചി തിന്ന' ഒരു ഛായ ഉണ്ടായിരുന്നോ ??

വാല്‍ക്കഷണം: അച്ഛന്‍ പറഞ്ഞതുപോലെ..എന്നെ എവിടെയോവച്ച്‌ ആകുട്ടി കണ്ടിട്ടുണ്ടാകണം.അതിനു ശേഷം ഇന്നു വരെ പിന്നെ 'ആ' പ്രേമലേഖനം എന്നെ തേടിവന്നിട്ടില്ല.